scroller

Saturday, July 24, 2010

യോഗക്ഷേമസഭ - സമര വഴികളിലൂടെ.......



യോഗക്ഷേമസഭ , അത് പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിന്റെ കാതലായ നിരവധി പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും, രാഷ്ട്രീയ, ഭരണ നെതൃത്ത്വത്തോട് നമ്മുടെ സംഘടിത ശക്തി വിളംബരം ചെയ്യുന്നതിനുമായി പ്രത്യക്ഷപ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചിരിക്കുകയാണല്ലോ . സംവരണം, ദേവസ്വം, ഭൂപരിഷ്കരണം, തുടങ്ങിയ പ്രശ്നങ്ങളെ അധികരിച്ച് ഒന്‍പത് ആവശ്യങ്ങള്‍ ആണ് സഭ ഈ സമരത്തിലൂടെ സര്‍ക്കാരിന്മുന്‍പില്‍ ഉന്നയിച്ചത് .

ലോകമെമ്പാടും ഇന്ന് നിലവിലുള്ള എല്ലാ ഭരണവ്യവസ്ഥയും അതിന്റെ നിസ്സഹായരും അസംഘടിതരുമായ പ്രജകള്‍ക്കു സ്വാഭാവികനീതി അനുസരിച്ച് കിട്ടേണ്ട അടിസ്ഥാന ജീവന ആവശ്യങ്ങള്‍പോലും യാച്ചിച്ചും പോരടിച്ചുമല്ലാതെ അനുവദിച്ചുനല്‍കുകയില്ല എന്ന നിര്‍ബന്ധബുദ്ധി പ്രകടിപ്പിക്കുന്നു. മിക്കപ്പോഴും ഈ പോരാട്ടങ്ങള്‍ തുല്യദു:ഖിതരായ ഇരുവിഭാഗം പ്രജകള്‍ തമ്മിലാക്കിയെടുക്കുന്നതില്‍ അസാമാന്യ വിരുതും ഭരണകൂടങ്ങള്‍ കാണിക്കുന്നു. നമ്മുടെ നാട്ടിലെ അവസ്ഥയും ഒട്ടും വ്യതസ്തമല്ല. പ്രകൃതി അനന്തമായി നല്‍കിയിരിക്കുന്ന പഞ്ചഭൂത ഘടകങ്ങള്‍ക്കുവരെ എങ്ങനെയൊക്കെ റേഷനും നികുതിയും ഏര്‍പെടുത്താം എന്ന ഗവേഷണത്തിലാണ് ഭരണമേധാവികള്‍. കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന പഴമൊഴി, എല്ലാ കുട്ടികളും നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയില്‍, പ്രസക്തമോ പ്രയോഗികാമോ അല്ല. പ്രജാക്ഷേമം ഭരണകൂടത്തിന്റെ ഏറ്റവും അവസാന താല്പര്യവിഷയമാകുമ്പോള്‍ ‍, മക്കള്‍ കരഞ്ഞു, തളര്‍ന്നു, മയങ്ങി മരിച്ചാലും പാലുമായി അമ്മയെത്തും എന്ന് ഉറപ്പൊന്നുമില്ല. ഈ വിചിത്രനീതിയുടെ ഇന്നാട്ടിലെ ഇരകളാണ് ഇവിടുത്തെ ബ്രാഹ്മണരും സമാനജനതയും. ഇതിനു ജാതിമതഭേദമൊന്നും ഇല്ലതാനും. നായാടി മുതല്‍ നമ്പൂതിരി വരെ എല്ലാവരും ഇരകള്‍ മാത്രം. മാറിമാറി വരുന്ന സഭാ നേതൃത്വം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ, ഭരണസംവിധാനത്തിന് പിന്നാലെ നിവേദനങ്ങളുമായി നടന്നിട്ടെന്തുകാര്യം. ഇവിടെയാണ് നിരന്തരസമരങ്ങളുടെ ആവശ്യകത.

ഈ സാഹചര്യത്തിലാണ് മൂന്ന്‍ പതിറ്റാണ്ട്കാലത്തേ നിശ്ശബ്ദപ്രവര്‍ത്തനത്തിന്റെ പരിമിതമായ സാദ്ധ്യതകള്‍കൊണ്ട് നമ്മുടെ സമുദായത്തിന് അര്‍ഹമായത് അധികാരികളില്‍നിന്നും നേടിയെടുക്കുവാന്‍ കഴിയില്ല എന്ന് സഭാ നേതൃത്വവും അണികളും വൈകിയെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നത്. ഉത്തര, മാധ്യമ, ദക്ഷിണ മേഖലകളിലായി കോഴിക്കോട്ടും, എറണാകുളത്തും , തിരുവനന്തപുരത്തും ജൂലൈ 7-നു നടന്ന സമരപരിപാടികളിലെ ജനപങ്കാളിത്തം ഈ ഉണര്‍വിനെ സൂചിപ്പിക്കുന്നു. തിളയ്ക്കുന്ന വിപ്ലവവീര്യമോ, തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന ജാതി സ്പിരിറ്റോ, എന്തിനു ഏറ്റവും മിതമായ തോതില്‍പോലും ഐക്യബോധമോ ഒന്നും അവകാശപ്പെടാനില്ലാത്ത നമ്മളും നിലനില്പിനായി കുഞ്ഞുകുട്ടിസഹിതം പൊതുവഴിയിലേക്ക് മുദ്രാവാക്യങ്ങളുമായി ഇറങ്ങേണ്ടിവന്ന അവസ്ഥ ഉണ്ടായതും ഇതുകൊണ്ടോക്കെത്തന്നെ.

റിപ്പോര്‍ട്ട്‌ : തിരുവനന്തപുരം .

പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്നും കൃത്യം 11 മണിക്ക് സംസ്ഥാന പ്രസിഡന്റ്‌ ശ്രീ അക്കീരമന്‍ കാളിദാസ ഭട്ടതിരിയുടെ നേതൃത്ത്വത്തില്‍ ജാഥ ആരംഭിച്ചു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍നിന്നുള്ള 2000 ത്തോളം പ്രവര്‍ത്തകര്‍ ആവേശകരമായ മുദ്രാവാക്യങ്ങളുമായി വളരെ ചിട്ടയായി അണിചേര്‍ന്നു. ജാഥ ഒരു കിലോമീറ്റര്‍ അകലെ സെക്രട്ടറിയറ്റ് നടയിലെത്താന്‍ ഒരു മണിക്കുറോളം സമയം എടുത്തു. അവിടെ തയ്യാറാക്കിയിരുന്ന സമരപ്പന്തലില്‍ ബഹു. സംസ്ഥാന പ്രസിഡന്റ്‌ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബ്രാഹ്മണസമുദായം ഇന്ന് ഭരണാധികാരികളില്‍നിന്നും അനുഭവിക്കുന്ന അവഗണന നാം ഒറ്റക്കെട്ടായി ചെറുക്കുമെന്നും നമ്മുടെ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ അതിനുള്ള മറുപടി നല്‍കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സഭയേയും സമുദായത്തേയും ഇത്തരമൊരു സമര മാര്‍ഗത്തിലേക്ക് പ്രേരിപ്പിച്ചതിന് പിന്നിലത്തെ സാഹചര്യങ്ങള്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ ഇ,എന്‍.രാമന്‍ നമ്പൂതിരി വിശദീകരിച്ചു. തുടര്‍ന്ന് സി പി ഐ (എം) എം എല്‍ എ ശ്രീ ശിവന്‍കുട്ടി ധര്‍ണ അഭിസംബോധന ചെയ്തു സംസാരിച്ചു. സഭയുടെ നേതാക്കള്‍ക്ക് മുഖ്യമന്ത്രിയടക്കമുള്ളവരെ എപ്പോള്‍ വേണമെങ്കിലും സമീപിക്കുവാനും ആശയവിനിമയം പുലര്‍ത്തുവാനുമുള്ള അവസരം ഒരുക്കിത്തരാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് സംസാരിച്ച ശ്രീ വിഷ്ണുനാഥ് എം എല്‍ എ യോഗക്ഷേമസഭയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും ഗവര്‍മെന്റിന്റെയും വിവിധ വകുപ്പ്മന്ത്രിമാരുടെയും ശ്രദ്ധയില്‍കൊണ്ടുവരുന്നതിന് വേണ്ടതെല്ലാം ചെയ്യാമെന്ന് അറിയിച്ചു. കൂടാതെ തൊട്ടടുത്ത ദിവസംതന്നെ ദേവസ്വം വകുപ്പുമായി ബന്ധപ്പെട്ട നമ്മുടെ ആവശ്യങ്ങള്‍ ഒരു സബ്മിഷനായി നിയമസഭയില്‍ അവതരിപ്പിക്കാമെന്നും സമ്മതിച്ചു . ( ഇതനുസരിച്ച് ഈ വിഷയത്തില്‍ ഒരു സബ്മിഷന്‍ നിയമസഭയില്‍ ഉന്നയിക്കുകയും , സര്‍ക്കാരിന്റെ നിലപാട് വകുപ്പുമന്ത്രി അദ്ദേഹത്തെ അറിയിക്കുകയുമുണ്ടായി ). 30 വര്‍ഷമായി ഒരുവിധ സമരപരിപാടികളും നടത്താത്ത നമ്മുടെ സമുദായത്തിന് ആവശ്യങ്ങള്‍ ഒന്നും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ ആശ്ചര്യമൊന്നും ഇല്ല എന്നാണ് ബീ ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീ ബി .കെ ശേഖര്‍ ധര്‍ണയെ അഭിമുഖീകരിച്ച് പറഞ്ഞത് . തുടര്‍ന്ന് ദീര്‍ഘകാലം സഭയുടെ പ്രസിഡന്റായിരുന്ന പ്രൊഫ കെ .കെ .എസ് നമ്പൂതിരി, തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നാം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ യുക്തിയുടെയും ധാര്‍മികതയുടെയും വെളിച്ചത്തില്‍ വിശദീകരിച്ചു. ഈ സമയം സമരവേദിയില്‍ എത്തിച്ചേര്‍ന്ന കെ പി സി സി പ്രസിഡന്റ്‌ ശ്രീ രമേശ്‌ ചെന്നിത്തല, ബ്രാഹ്മണസമൂഹത്തിനുപോലും ഇങ്ങനെ ഒരു പ്രത്യക്ഷ സമരപരിപടികളിലേക്ക് തുനിയെണ്ടിവന്ന സാമൂഹ്യ സാഹചര്യം വളരെ ഖേദകരമാണെന്ന് അഭിപ്രായപ്പെട്ടു . പണ്ടെന്നോ നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്ന ജന്മിത്ത്വത്തിന്റെ പേരില്‍ ഇപ്പോള്‍ ഉള്ളവരും ഇനി വരും തലമുറയും ദുരിതം അനുഭവിക്കണം എന്ന് വാദിക്കുന്നത്തിലെ യുക്തിരാഹിത്യം അദ്ദേഹം എടുത്തു പറഞ്ഞു . തുടര്‍ന്ന്‍ നമ്മുടെ ആവശ്യങ്ങള്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അനുവദിച്ചുതരുമോ എന്ന് നോക്കാമെന്നും അല്ലെങ്കില്‍ “ഇനി വരുന്ന ” ഗവണ്മെന്റ് അത് തീര്‍ച്ചയായും ചെയ്യുമെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു . സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണന്‍ പോറ്റിയുടെ കൃതജ്ഞതയോടെ 2 മണിക്ക് ധര്‍ണ അവസാനിച്ചു . പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണപൊതികളും കുടിവെള്ളവും വിതരണം ചെയ്യുകയുണ്ടായി .

മറ്റേതൊരു രാഷ്ട്രീയ , സാമൂഹ്യ സംഘടനയോടും കിടപിടിക്കുംവിധം തികച്ചും “പ്രൊഫഷണല്‍ ” ആയി ജാഥയും ധര്‍ണയും സംഘടിപ്പിച്ചു വന്‍ വിജയമാക്കുവാന്‍ ദിവസങ്ങളോളം അത്യധ്വാനം ചെയ്ത ഭാരവാഹികള്‍ക്ക് അഭിമാനിക്കാം . സാര്‍ഥകമായ സമുദായ സേവനത്തിനായി ഒരു ദിനം മാറ്റിവച്ച എല്ലാ അംഗങ്ങള്‍ക്കും കൃതകൃത്യതയില്‍ സന്തുഷ്ടരാകാം . പൊരിവെയിലത്ത് നിങ്ങള്‍ മുന്നോട്ടുവച്ച ഓരോ ചുവടിനും ഇന്നാട്ടിലെ ബ്രാഹ്മണസമൂഹം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു .ഉന്നയിക്കപ്പെട്ട അവശ്യങ്ങളുടെ കാലിക പ്രസക്തിയെക്കാളുപരി വിള്ളലാണ്ട ആത്മീയ അടിത്തറമേല്‍ ശോഷിച്ചുവരുന്ന ബൗദ്ധിക സമ്പത്തിനെ മറന്ന്‌ ഭൌതീകലോകം കെട്ടിയുയര്‍ത്താന്‍ തത്രപ്പെടുന്ന ഒരു വംശം ഒന്ന് നില്‍കുവാനും പിന്നിട്ട പാതകള്‍ തിരിഞ്ഞുനോക്കുവാനും മുന്നിലുള്ള വഴികളിലേക്ക് ദൃഷ്ടി പായിക്കുവാനും അവസരമൊരുക്കുന്നതാകട്ടെ നമ്മുടെ ഈ നവ സമരസംരംഭങ്ങള്‍.


Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org