അന്തിക്കാട്:പെരിങ്ങോട്ടുകര നമ്പൂതിരി യോഗക്ഷേമ സഭയുടെ 98-ാം സ്ഥാപകദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് മണി ശശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. കെ.ടി. മാധവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സാഹിത്യകാരി കെ.ബി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. നിസ്സഹായരായ സഹജീവികളെ സഹായിക്കുകയെന്നത്, ഓത്തുചൊല്ലി ഇല്ലത്ത് വ്രതമിരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ എഴുത്തിനെയും വായനയെയും എന്നും യാഥാസ്ഥിതികര്‍ എതിര്‍ത്തിട്ടുണ്ട്. തനിക്കും ഇത്തരം വിലക്കുകളെ അതിജീവിക്കേണ്ടിവന്നിട്ടുണ്ടെന്നും ശ്രീദേവി പറഞ്ഞു. സെക്രട്ടറി ശ്രീകുമാര്‍ താമരപ്പിള്ളി സ്ഥാപക അനുസ്മരണ പ്രഭാഷണം നടത്തി.
യോഗക്ഷേമ ഉപസഭാ പ്രസിഡന്റ് പി.എന്‍. നന്ദകുമാര്‍ നമ്പൂതിരി, സഭ ജോയിന്റ് സെക്രട്ടറി കെ.ടി. നാരായണന്‍, ഭരണസമിതിയംഗങ്ങളായ പി.എന്‍. സന്ദീപ്, കെ.എ. സാവിത്രി, പി.ആര്‍. രാമന്‍ നമ്പൂതിരി, സി.പി. നീലകണ്ഠന്‍ നമ്പൂതിരി, വൈസ് പ്രസിഡന്റ് പി.യു. ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
വെള്ളിയാഴ്ച രാവിലെ 10ന് കാമ്പസ് ഹരിതവത്കരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ശ്രീദേവി ഉദ്ഘാടനം ചെയ്യും. 11 ന് സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10ന് പിറന്നാള്‍ ആഘോഷം പി.സി. ചാക്കോ എം.പി. ഉദ്ഘാടനം ചെയ്യും. എം.എല്‍.എ.മാരായ ഗീതാഗോപി, വി.എസ്. സുനില്‍കുമാര്‍, പി.എ. മാധവന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, ടി.എന്‍. പ്രതാപന്‍, സഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ. ഹരിനാരായണന്‍ എന്നിവര്‍ പങ്കെടുക്കും.