കൊല്ലം: ഭൂപരിഷ്‌കരണംമൂലം ദുരിതത്തിലായ ബ്രാഹ്മണസമുദായത്തിന്റെ ഇന്നത്തെ ജീവിതാവസ്ഥയെപ്പറ്റി പുനര്‍വായന നടത്തണമെന്ന് മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്ത് ഭൂരഹിതരായ ജന്മിമാരുള്ള കാര്യം വിസ്മരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. യോഗക്ഷേമസഭയുടെ 108-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേമചന്ദ്രന്‍.
സാമൂഹികനീതിയിലധിഷ്ഠിതമായ ഭരണഘടനയാണ് നമ്മുടേത്. എല്ലാവര്‍ക്കും നീതി എന്ന തത്ത്വത്തിന്റെ സാക്ഷാത്കാരമാണ് അതിന്റെ ലക്ഷ്യം. എന്നാല്‍ ബ്രാഹ്മണസമൂഹം ഇന്നനുഭവിക്കുന്ന ദുരിതം ഈ സങ്കല്പത്തിന് വിരുദ്ധമാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. ഒരിഞ്ച് ഭൂമിപോലും ഇല്ലാതെയുള്ള അവസ്ഥ സമുദായത്തില്‍ പലര്‍ക്കുമുണ്ടായത് സാമൂഹിക മാറ്റത്തിന്റെ തിക്തഫലമാണ്. ബ്രാഹ്മണസമൂഹത്തിന്റെ അവസ്ഥ പ്രത്യേകമായിക്കണ്ട് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗക്ഷേമസഭ ഈ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ശക്തമായ തുടര്‍പ്രക്ഷോഭം നടത്തണം. മുന്നാക്കസമുദായ വികസന കോര്‍പ്പറേഷനില്‍ ബ്രാഹ്മണസമുദായത്തിന് പരിഗണന ലഭിച്ചില്ലെന്നത് നീതിനിഷേധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അവകാശങ്ങള്‍ക്കായുള്ള സഭയുടെ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് പറഞ്ഞു. ഭാരതീയ സംസ്‌കൃതിയുടെ സംരക്ഷണത്തിന് ഏറ്റവുമധികം സംഭാവന നല്‍കിയ സമൂഹമാണ് ബ്രാഹ്മണരുടേതെന്ന് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സുഗതന്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് ചവറ രാജശേഖരന്‍, രക്ഷാധികാരി ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും സംസാരിച്ചു.
അഖില കേരള തന്ത്രിമണ്ഡലം, ശാന്തിക്ഷേമസഭ, വിവിധ ജില്ലാ സഭകള്‍, ഉപസഭകള്‍ എന്നിവ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ പോറ്റി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ജനറല്‍ സെക്രട്ടറി ആര്‍.രാധാകൃഷ്ണന്‍ പോറ്റി സ്വാഗതവും സ്വാതഗസംഘം ചെയര്‍മാന്‍ ഹരികുമാര്‍ ശര്‍മ്മ നന്ദിയും പറഞ്ഞു.
സമ്മേളനത്തിനുമുമ്പ് യോഗക്ഷേമസഭാംഗങ്ങള്‍ പങ്കെടുത്ത പ്രകടനവും നടന്നു. പ്രകടനം റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച് ചിന്നക്കടവഴി ടൗണ്‍ഹാളില്‍ സമാപിച്ചു.